ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് സൗന്ദര്യ മല്‍സരം..?

 Published on October 9, 2011 at www.openthenews.com
കോട്ടയം: ജമാഅത്തെ ഇസ്ലാമിയുടെ ജില്ലാ ആസ്ഥാനമന്ദിരം ഫാഷന്‍ ടി വി ക്ക് മോഡലിംഗ് കോഴ്‌സ് നടത്താന്‍ വാടകക്ക് നല്‍കി വെട്ടിലായി. കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപം അടുത്തയിടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സഫാ കോംപ്ലക്‌സാണ് മുതലാളിത്ത സംസ്കാരത്തിന്റെ വികൃത മുഖമായി ജമാഅത്തെ ഇസ്്‌ലാമിയും യുവജന വിഭാഗമായ സോളിഡാരിറ്റിയും പ്രചാരണം നടത്തുന്ന ഫാഷന്‍ കുത്തകകള്‍ക്ക് വന്‍തുക വാടകക്ക് മറിച്ച് നല്‍കിയത്. പാരീസ് ആസ്ഥാനമായ മൈക്കല്‍ ആദം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി എന്ന പേരിലുള്ള സ്ഥാപനം അവരുടെ അഡ്മിഷന് മുന്നോടിയായി മിസ് കോട്ടയം മല്‍സരം സംഘടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മിസ് കേരള മല്‍സരം നടന്ന കൊച്ചി ലേമെര്‍ഡിയനിലേക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഈ മാസം 23 നാണ് മിസ് കോട്ടയം മല്‍സരം. മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് സമ്മാനങ്ങള്‍ കൂടാതെ പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനും അവസരം ഓഫര്‍ ചെയ്താണ് സ്ഥാപനം വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്. സൗന്ദര്യ മല്‍സരം എവിടെ നടന്നാലും എതിര്‍പ്പുമായി ആദ്യം രംഗത്ത് വരാറുള്ള ജമാഅത്ത്, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ സ്വന്തം ആസ്ഥാനമന്ദിരം തന്നെ പെണ്‍കുട്ടികളുടെ ശരീര പ്രദര്‍ശന മല്‍സരത്തിന് വേദിയാകുന്നത് സംഘടനയ്ക്കുള്ളില്‍ വന്‍ ചേരിതിരിവുണ്ടാക്കിയിട്ടുണ്ട്. മല്‍സരത്തിനെതിരേ സംഘടനയില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ ജില്ലാ നേതൃത്വത്തിനെതിരേ നടപടിയെടുത്ത് മുഖം രക്ഷിക്കാനും നീക്കമുണ്ട്. എട്ട് നിലകളിലായി പണിതുയര്‍ത്തിയ സഫാ കോംപ്ലക്‌സ് ജമാഅത്തിന്റെ നയങ്ങളുമായി യോജിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ നല്‍കൂ എന്നാണ് സംഘടനാ നേതൃത്വം അവകാശപ്പെട്ടിരുന്നത്. ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തുടങ്ങി പലിശയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കൊന്നും കെട്ടിടം വാടകക്ക് നല്‍കിയിരുന്നില്ല. ഇത് മൂലം കെട്ടിടം പണി പൂര്‍ത്തിയായി നാളുകള്‍ കഴിഞ്ഞിട്ടും വാടകക്കാരെ കിട്ടാത്ത സ്ഥിതിയുണ്ടായി. ബില്‍ഡിംഗിന്റെ ചുമതലക്കാരനായിരുന്ന സംഘടനാ നേതാവ് പോളിസിക്കാര്യത്തില്‍ തുടരുന്ന കടുംപിടുത്തമാണ് കോടികള്‍ മുടക്കി പണിത കെട്ടിടം നഷ്ടത്തിലാകാന്‍ കാരണമെന്ന് കണ്ടെത്തിയ നേതൃത്വം അദ്ദേഹത്തെ മാറ്റി പുതിയ ആളെ ചുമതലയേല്‍പിച്ചു. ഇതിന് ശേഷമാണ് ഫാഷന്‍ ടി വി ഉള്‍പ്പെടെയുള്ളവര്‍ക്ക് വാടകക്ക് നല്‍കിയത്. അതേ സമയം 23 ന് നടക്കുന്ന മിസ് കോട്ടയം 2011 മല്‍സരത്തിനെതിരെ മറ്റ് ചില യുവജന സംഘടനകള്‍ ജമാഅത്ത് ആസ്ഥാനത്തേക്കും, മല്‍സരം നടക്കുന്ന ഹോട്ടലിലേക്കും മാര്‍ച്ച് നടത്താന്‍ സാധ്യതയുണ്ടന്നാണ് സൂചന. സംഘടനയുടെ മുഖം വികൃതമാക്കിയ സംഭവത്തില്‍ നേതൃത്വം അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ലാ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്...